ആ മുഖം
വെറുതെ നടന്നു... എങ്ങോട്ടെന്നില്ലതെ...
ഒരുപാടു നാളായിക്കാണും ഞാന്‍ ഇതുവഴിയൊക്കെ നടന്നിട്ട്. നടക്കേണ്ട കാര്യമുണ്ടായിട്ടില്ല...
പിന്നെ ഇപ്പൊഴെന്തെങ്കിലും ഉണ്ടായിട്ടാണോ ഈ നടപ്പ്.. ഒരു കാര്യവുമില്ല..... വീട്ടിലിരുന്നിട്ട് എന്തൊ ഒരു...........
ഇതാ പറയുന്നത് സാഹചര്യങ്ങള്‍ നമ്മള് സ്വയം മെനഞ്ഞെടുക്കുന്നതണെന്ന്. ഞാന്‍ എത്രയോ തവണ ഇതുവഴി പോയിട്ടുണ്ടു....നടന്നല്ലങ്കിലും .
ഞാന്‍ ഓടിക്കളിച്ചു നടന്ന വഴികള്‍ . ആ വഴികളൊഴിച്ചു ചുറ്റുപാടൊക്കെ മാറിയിട്ടുണ്ട്. ദൈവമെ.. ഞാന്‍ ഇന്നുവരെ ഇതൊന്നും ശ്രദ്ധിച്ചിട്ടില്ലല്ലോ..ഞാനീ നാടു വിട്ട് ഒരുപാടുനാളെങ്ങും മാറിനിന്നിട്ടില്ല.. എന്നിട്ടും ?
കറങ്ങി നടന്നു അമ്പലകുളത്തിന്റെ അടുത്തെത്തി. ഒന്നു പോയി നോക്കിയാലോ.... പണ്ട് ഒത്തിരി കല്ലുപെറുക്കി എറിഞ്ഞിട്ടുണ്ട്. ബദ്ധശത്രുവിനെ പിടിച്ചുതള്ളിയിട്ടിണ്ട്.
പഴയകല്പടവിറങ്ങി ഒന്ന് എത്തിനോക്കി.. എന്റെ മുഖം ഓളം വെട്ടുന്നു...മാറിയിട്ടുണ്ട്.. ഞാനും .
വേണ്ടായിരുന്നു. പിന്നേം എന്തൊക്കെയോ മനസിലോട്ട് ഇടിച്ചു കേറുന്നു.
ഇങ്ങനെ പോത്തുപോലെ വളര്‍ന്നില്ലായിരുന്നെങ്കില്‍ ഒരു കുഴപ്പവും ഇല്ലായിരുന്നു.. ഒരു വടിയേ മാത്രം പേടിച്ചാല്‍ മതിയായിരുന്നു... ഇപ്പോള്‍ ...?
ഇവിടെ നിന്നാല്‍ ഇനീം ഓരോന്നാലോചിച്ചു കൂട്ടും .. പോകാം .
വീണ്ടും നടന്നു... പക്ഷെ എന്റെ പ്രതീക്ഷ തെറ്റി.. എന്തൊക്കെ ഓര്‍ക്കരുത് എന്നാലോചിച്ചോ അതെല്ലാം പിന്നേം കേറിവരുന്നു.
ചില മുഖങ്ങള്‍ ... മറക്കാന്‍ പറ്റുന്നില്ല.... അവസാനം കുറെനേരം എത്രയും ദയയുള്ള മാതാവേ ചൊല്ലി നടന്നു. എല്ലാം ക്ഷമിക്കാനുള്ള ശക്തി കിട്ടിയിരുന്നെങ്കില്‍ .. എത്ര കുമ്പസാരിചിട്ടും പ്രായചിത്തം ചൊല്ലിയിട്ടും ഒന്നും മനസീന്ന് മറഞ്ഞിട്ടില്ല.
നടന്ന് നടന്ന് വര്‍ഷങ്ങളായി വിതയും കൊയ്ത്തുമില്ലാത്ത പാടത്തിന്റെ നടുക്കെത്തി. ബാറ്റു പിടിക്കാന്‍ പടിച്ച കാലമ്മുതല് ക്രിക്കറ്റു കളിച്ച കണ്ടം ..
അന്നൊക്കെ ഇവിടെ ഒത്തിരി പശുക്കളെ കാണാമായിരുന്നു. ഇപ്പോള്‍ ആരും പശൂനെ വളര്‍ത്താറില്ലെ? വേറുതെ മില്‍മ്മ കമ്പനിക്കാരെ തെണ്ടിക്കണ്ടാ എന്നു കരുതിയിട്ടാവും .
എന്‍.റ്റി.പി.സി.യുടെ ഉയരമുള്ള ടവറുകള്‍ ആ പാടത്തെ മുറിച്ചു കടന്നുപോകുന്നുണ്ട്. അടുത്തു കണ്ട ഒരു വരമ്പില്‍ കയറിയിരുന്നു. മൊബൈല്‍ എടുത്ത് ഒരു പാട്ട് വച്ചു. നല്ല ഭക്തി ഗാനം .
പഴയ ക്രിക്കറ്റ് കളി ഓര്‍ത്ത് നോക്കെത്താദൂരേക്ക് കണ്ണുപായിച്ചിരുന്നു.
ഒരു പാട്ട് തീര്‍ന്നു. അടുത്തതിനുള്ള 3 സെക്കന്റ്റ്റ് കാത്തിരുപ്പ്..
♫♪"ഓര്‍മ്മയില്‍ നിന് മുഖം മാത്രം
ഓര്‍ക്കുമ്പോള്‍ മനം ...."♫♪
ദൈവമേ.. ഇത്രയും നേരം കഷ്ടപ്പെട്ടതു വെറുതെ... പിന്നേം മുഖം .
ഞാന്‍ പതിയെ ചാഞ്ഞു... ആകാശത്തേക്കു നോക്കി കിടന്നു.
കഴിഞ്ഞ 5 വര്‍ഷം ..... എന്തിനായിരുന്നു ഇതൊക്കെ... എന്തു കണ്ടിട്ടയിരുന്നു..... ഇത്രെം ഉള്ളൊ ഇതെല്ലാം .. ഒരായിരം ചോദ്യങ്ങള്‍ ... ഉത്തരം കണ്ടു പിടിക്കനുള്ള പാഴ്ശ്രമം .
നഷ്ടങ്ങള്‍ എല്ലാം എനിക്ക്... എന്നു മാത്രമല്ല എനിക്ക് മാത്രമേ നഷ്ടമുണ്ടായിട്ടുള്ളു.
എന്റെ കണ്ണ് പതിയെ നിറയുന്നതു ഞാനറിഞ്ഞു.
ഫോണ്‍ ചിലയ്ക്കുന്നു. അമ്മായാണു.. ദാ വരുന്നു എന്നു മാത്രം പറഞ്ഞൊപ്പിച്ചു.
പോകാനായി എഴുന്നേറ്റപ്പോള്‍ 2 തുള്ളി ജലം കണ്ണില്‍ നിന്നും താഴേക്കൊഴുകുന്നതു ഞാന്‍ അറിഞ്ഞു.
അതു താഴെ പുല്‍നാമ്പിലേക്ക് പതിച്ചു. ഒന്നു നോക്കിയിട്ട് ഞാന്‍ തിരിച്ചു നടന്നു. പുറകില്‍ എന്തൊ ഇഴഞ്ഞു നീങ്ങുന്ന ശബ്ദം .
ഞാന്‍ തിരിഞ്ഞു നോക്കി.. എന്റെ കണ്ണുനീര് വീണിടം കരിഞ്ഞു മാറുന്നു. ഞാന്‍ അടുത്തു ചെന്നു.. അതിലൊരു മുഖം തെളിയുന്നു.
ഇല്ല... ഞാന്‍ ചത്താലും ഈ മുഖം എന്നെ വിട്ടു പോകില്ല..